Banner Ads

പുതിയ ഫോണ്‍ വാങ്ങിയതിന് ചിലവ് ചെയ്യാത്തതിനാൽ 16 വയസ്സുകാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു

ഡല്‍ഹി : പുതിയ ഫോണ്‍ വാങ്ങിയതിന് ചിലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ട് നല്കാൻ വിസമ്മതിച്ചതിനാൽ 16 വയസ്സുകാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു. തിങ്കളാഴ്ച വൈകിട്ടാണ് ഡല്‍ഹിയിലെ ഷകർപൂർ പ്രദേശത്ത് സംഭവമുണ്ടാകുന്നത്.  പ്രതികള്‍ക്ക് മൂന്നു പേർക്കും 16 വയസ്സാണ്.  കൂടാതെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുമാണ് ഇവർ. കഴിഞ്ഞ ദിവസം വൈകിട്ട് കൊലപാതകത്തിന് ഇരയായ സച്ചിൻ തൻ്റെ ഒരു കൂട്ടുകാരനൊപ്പം പുതിയ ഫോണ്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വഴിയില്‍ വച്ച് അവർ മൂന്ന് ആണ്‍കുട്ടികളുമായി സംസാരിച്ചിരുന്നു. പോലീസിന്റെ പ്രാഥമിക നിഗമനം,  ഇവർ സച്ചിന്റെ സുഹൃത്തുക്കളാണെന്നാണ്. സച്ചിൻ പുതിയ ഫോൺ വാങ്ങിയത് ആഘോഷിക്കനായി സംഘം സച്ചിനോട് ചിലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സച്ചിൻ ഇതിന് തയാറായില്ല. തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തർക്കം സംഘർഷത്തിലേക്ക് എത്തുകയും പ്രായപൂർത്തിയാകാത്ത കുട്ടിയിലൊരാൾ സച്ചിനെ കത്തി കൊണ്ട് കുത്തുകയും ചെയ്തു.

ഷകർപൂരിലെ തെരുവില്‍ പട്രോളിംഗ് നടത്തിയിരുന്ന പോലീസ് സംഘംത്തിന് ഇന്നലെ രക്ത കറ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ നാട്ടുകാരാണ് നിർണായകമായ വിവരം പൊലീസിന് കൈമാറിയത്. മൂവർ സംഘം ഒരു ആണ്‍കുട്ടിയെ കുത്തിയതും ആൺകുട്ടിക്ക് ഗുരുതരമായി പരിക്ക് സംഭവിച്ചതും ആണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നും നാട്ടുകാർ മൊഴി നൽകിയിരുന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എല്‍എൻജെപി ആശുപത്രിയില്‍ നിന്നും സച്ചിൻ എന്ന 16 വയസ്സുകാരനെ മരിച്ച നിലയില്‍ എത്തിച്ചുവെന്ന് പറഞ്ഞ് ഷകർപൂർ പോലീസ് സ്റ്റേഷനിലേക്ക് വിവരം ലഭിക്കുകയും,  തുടർന്ന് മൃതദേഹം പരിശോധിച്ചപ്പോള്‍ ശരീരത്തിന്റെ പിന്നില്‍ രണ്ട് കുത്തുകള്‍ കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ 103(1), 3(5) വകുപ്പുകള്‍ അനുസരിച്ച് പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികള്‍ക്കുമെതിരെ ഷക്കർപൂർ പോലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് പോലീസ് കേസെടുത്തു. നാട്ടുകാർ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *