
സുല്‍ത്താന്‍ബത്തേരി: ഒക്ടോബറിൽ മുത്തങ്ങയിൽ 53.48 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് പേരെ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ആലപ്പുഴ മാന്നാർ നെല്ലിക്കോമത്ത് വീട്ടിൽ വി. വിഷ്ണു (25) ആണ് ബത്തേരി പോലീസിൻ്റെ പിടിയിലായത്.നേരത്തെ അറസ്റ്റിലായ പ്രതികൾ ഇയാളിൽ നിന്നാണ് ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി.
വധശ്രമക്കേസിലുൾപ്പെടെ വിഷ്ണുവിന് മാന്നാർ സ്റ്റേഷനിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.ഒക്ടോബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കർണാടകയിൽ നിന്ന് വന്ന കെ.എൽ. 56 എക്സ് 6666 നമ്പർ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ബേപ്പൂർ നടുവട്ടം കൊന്നക്കുഴി വീട്ടിൽ കെ. അഭിലാഷ് (44), നടുവട്ടം അദീബ് മഹൽ വീട്ടിൽ അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി കല്ലുട്ടിവയൽ വീട്ടിൽ അബ്ദുൾ മഷൂദ് (22) എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്നാണ് നേരത്തെ അറസ്റ്റ് ചെയ്തത്.