
പയ്യന്നൂർ : ഇരുപത്തി ഒൻപത് വർഷങ്ങൾക്കുശേഷം രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 64-ാമത് പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 22 മുതൽ 25 വരെ നാല് ദിവസങ്ങളിലായാണ് കലാമേള നടക്കുന്നത്.
എട്ടിക്കുളം മുതൽ രാജഗിരി വരെയുള്ള പയ്യന്നൂർ ഉപജില്ലയിലെ 96 വിദ്യാലയങ്ങളിൽ നിന്നായി ഏകദേശം 1200 ഓളം പ്രതിഭകൾ വിവിധ ഇനങ്ങളിൽ മത്സരിക്കും. മത്സരങ്ങൾക്കായി 13 വേദികൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനായി വിശാലമായ ഭക്ഷണപ്പുരയും തയ്യാറാക്കി. കലോത്സവം വിജയകരമാക്കാൻ 17 സബ് കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്.
കലോത്സവത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നാളെ (ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് കുന്നത്തെരു ചിദംബരനാഥ് സ്കൂളിൽ നിന്ന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വി. ഷൈമ (ചെയർപേഴ്സൺ), ടി.വി. സചിൻകുമാർ (ജനറൽ കൺവീനർ) തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.