
പാലക്കാട് : വന്യമൃഗങ്ങളെ പിടിക്കാൻ വെച്ച അനധികൃത വൈദ്യുതിക്കെണികളിൽപ്പെട്ട് സംസ്ഥാനത്ത് ഒരു വർഷത്തിനിടെ മരിച്ചത് 24 പേർ. ഇതിൽ 10 മരണവും പാലക്കാട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വനാതിർത്തിക്ക് സമീപമുള്ള കൃഷിയിടങ്ങളിലാണ് ഇത്തരം കെണികൾ കൂടുതലായി കാണപ്പെടുന്നത്. പന്നികളെ പിടിക്കുന്നതിനും വന്യമൃഗങ്ങളെ തുരത്തുന്നതിനുമായാണ് ഇവ ഉപയോഗിക്കുന്നത്. രാത്രിയിൽ കെണി വെക്കുകയും രാവിലെ ഇത് മാറ്റാൻ വൈകുകയോ മറക്കുകയോ ചെയ്യുന്നതാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 66 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
കൂടാതെ 23 മൃഗങ്ങളും ഈ കെണികളിൽ കുടുങ്ങി ചത്തിട്ടുണ്ട്. വന്യമൃഗങ്ങളെ തുരത്താൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കാത്തതും വൈദ്യുതി മോഷ്ടിക്കുന്നവർക്കെതിരെ കെഎസ്ഇബി ശക്തമായ നടപടിയെടുക്കാത്തതുമാണ് ഇത്തരം അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെടുന്നുണ്ടെന്നും ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുജീഷ് പറഞ്ഞു.