
മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശിയായ യാത്രക്കാരൻ പിടിയിലായി. ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് പിടികൂടിയത്.
ദമാമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ തൃശ്ശൂർ കൊരട്ടി സ്വദേശി ലിജീഷ് (50) ആണ് പിടിയിലായത്. വിമാനത്താവളത്തിലെ എല്ലാ പരിശോധനകളും പൂർത്തിയാക്കി പുറത്തിറങ്ങിയ ലിജീഷിനെ പോലീസ് പുറത്തുവെച്ച് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
കാർഡ് ബോർഡ് പെട്ടിയിൽ 21 പാക്കറ്റുകളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോയോളം തൂക്കം വരുന്ന എംഡിഎംഎയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഈ മാസം 3-ാം തീയതി ഒമാനിലേക്ക് പോയ ലിജീഷ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് വിദേശത്തേക്ക് പോയതെന്നാണ് പോലീസ് നിഗമനം.
ലഹരിമരുന്ന മാഫിയയുടെ പ്രധാനപ്പെട്ട കണ്ണിയാണ് ലിജീഷെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.