കൊല്ലം: 2 മക്കൾ മരണത്തിന് കീഴടങ്ങി മഞ്ഞപ്പിത്തം ബാധിച്ച മകനെയെങ്കിലും രക്ഷപെടുത്തണം സഹായം തേടി നിർധന കുടുംബം. 12 കാരനായ അമ്പാടി മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലാണ് കുടുംബം.
കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് നാട്ടുകാരും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടെങ്കിലും മറുപടിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.നീതുവിൻ്റെയും മീനാക്ഷിയുടെയും മരണത്തിന് കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥയാണെന്ന് കുടുംബം പറയുന്നത്.
കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ച ആദ്യഘട്ടത്തിൽ തന്നെ ഹെൽത്തിൽ അറിയിച്ചു എന്നാൽ അവർ കൈവിട്ടുവെന്നും പിതാവ് പ്രതികരിച്ചത്. സഹായങ്ങൾ വാഗ്ദാനം ചെയ്തതല്ലാതെ ആരും സഹായിച്ചിട്ടില്ല. കിംസിലെ ചികിത്സാചിലവ് എങ്ങനെ അടക്കുമെന്നറിയില്ല. സർക്കാർ ഏറ്റെടുത്ത് കുഞ്ഞിനെ തിരികെ തരണമെന്നും പിതാവ് പറഞ്ഞു.
പെൺകുട്ടികളുടെ മരണത്തിന് കാരണം മെഡിക്കൽ കോളേജിലെ അനാസ്ഥയാണ്. ഇതിനെതിരെ പരാതിയുമായി മുന്നോട്ട് പോവും. മക്കളിൽ ഒരാൾക്ക് മാത്രമായിരുന്നു അസുഖം. അവിടെ ചെന്ന് സീരിയസ് ആണെന്ന് പറഞ്ഞിരുന്നു. ഐസിയുവിൽ കിടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പായ വാങ്ങി വരാനും തറയിൽ കിടത്താനുമാണ് അധികൃതർ പറഞ്ഞത്.
കുഞ്ഞുങ്ങൾ ഇരുവശത്ത് നിന്ന് ഛർദിക്കുന്നത് തുടക്കാനും പോലും തുണിയുണ്ടായിരുന്നില്ല. വീണ്ടും വീണ്ടും അധികൃതരുടെ കാല് പിടിച്ചെങ്കിലും രക്ഷിച്ചില്ല. മക്കൾക്ക് അവിടെ കൊണ്ടുപോവുമ്പോൾ വലിയ കുഴപ്പമുണ്ടായിരുന്നില്ല.
മൂന്ന് ദിവസം തറയിൽ കിടത്തിയ ശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. രക്തം വന്നതിന് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് കൊണ്ടുപോയത്. മകനെ രക്ഷപ്പെടുത്തണം. ചികിത്സ സർക്കാർ ഏറ്റെടുത്ത് നടത്തണമെന്നും പിതാവ് പറയുന്നു.