Banner Ads

ഹേമകമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, പവര്‍ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല-സിദ്ദിഖ്

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാതെ അമ്മ ഭാരവാഹികള്‍ ഒളിച്ചോടിയിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ്. ഷോ റിഹേഴ്‌സല്‍ നടക്കുന്നതിനാലാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയത്. റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. ഹേമ കമ്മറ്റിയുടെ നിര്‍ദേശം നടപ്പില്‍ വരുത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മലയാള സിനിമയിലുള്ളവര്‍ മുഴുവന്‍ മോശക്കാരാണ് എന്ന അര്‍ഥത്തില്‍ പരാമര്‍ശങ്ങളില്‍ വിഷമമുണ്ടെന്നും സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ അമ്മ ഭാരവാഹികള്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരെ അമ്മ ഒന്നും ചെയ്തിട്ടില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ല. അമ്മ എന്ന സംഘടന പ്രതിസ്ഥാനത്തില്ല. ഞങ്ങളുടെ അംഗങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അതില്‍ പറയുന്നത്. മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടക്കുന്നിട്ടുണ്ടെങ്കില്‍ പോലീസ് കേസെടുത്ത് ശിക്ഷിക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ അമ്മ ഒരിക്കലും ശ്രമിച്ചിട്ടില്ല.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ല. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല. ഒരു സിനിമയില്‍ ആരഭിനയിക്കണം എന്ന് ചിലര്‍ മാത്രം തീരുമാനിച്ചാല്‍ എങ്ങനെയാണ് സിനിമ മുന്‍പോട്ട് പോകുന്നത്. മാഫിയ എന്ന വാക്കിന്റെ അര്‍ഥം അറിയാത്തതിനാലാണ് അങ്ങനെയെല്ലാം പറയുന്നത്. പോലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഷൂട്ടിങ്ങില്‍ ഇന്റേര്‍ണല്‍ കംപ്ലൈന്റ് കമ്മറ്റിയെ വെക്കേണ്ടത് പ്രൊഡ്യൂസറാണ്. അതില്‍ ഇടപെടാന്‍ അമ്മയ്ക്ക് സാധിക്കില്ല.

അമ്മയില്‍ യാതൊരു ഭിന്നതയുമില്ല. വേട്ടക്കാരുടെ പേര് പുറത്ത് വിടാന്‍ ആവശ്യപ്പെടണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. അമ്മ ഭാരവാഹികളായ പല വനിതകളെയും ഹേമ കമ്മീഷന്‍ വിളിപ്പിച്ചിട്ടില്ല. സംവിധായകന്‍ കതകില്‍ മുട്ടിയെന്ന പെണ്‍കുട്ടിയുടെ പരാതി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിലകന്റെ മകള്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതവര്‍ തന്നെ കൈകാര്യം ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. അമ്മയ്ക്ക് അവര്‍ പരാതി നല്‍കിയിട്ടില്ല. പാര്‍വതിക്ക് അവസരം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിഷയത്തില്‍ അമ്മയ്ക്ക് ഇടപെടുന്നതിന് പരിമിതികളുണ്ട്. സ്ത്രീകള്‍ക്ക് ഇപ്പോള്‍ സൗകര്യങ്ങളില്ല എന്ന് പറയുന്നത് ശരിയല്ല. ഇപ്പോള്‍ അതിലെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാസ്റ്റിങ് കൗച്ചിങ്ങിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാലാണ് നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്നും സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *