സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നടി പരാതിയുമായി മുന്നോട്ടുവന്നാൽ നിയമാനുസൃതമായ നടപടികള്‍ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതിൽ രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മറുപടിയും അവരുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവർക്ക് പരാതിയുണ്ടെങ്കിൽ വരട്ടെ. അവർ വന്നുകഴിഞ്ഞാൽ അത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നിയമാനുസൃതം സർക്കാർ സ്വീകരിക്കും.
ഏതെങ്കിലുമൊരാൾ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ പറ്റുമോ. അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തിൽ നിലനിന്നിട്ടുണ്ടോ. ആരോപണം ഉന്നയിച്ചവർ പരാതി തരിക. ആർക്കെങ്കിലും രഞ്ജിത്തിനെതിരെ പരാതി ഉണ്ടെങ്കിൽ രേഖാമൂലം നൽകിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടെന്ന് അന്വേഷിക്കാതെ എനിക്ക് പറയാനാകുമോ. അത് അദ്ദേഹം പൂർണമായും നിഷേധിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമുണ്ടോ.
ഒരു രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവി രഞ്ജിത്ത് നിർവഹിക്കുന്നത്. പാർട്ടിയാണ് അദ്ദേഹത്തെ മാറ്റിനിർത്തണമോയെന്ന കാര്യം ആലോചിക്കേണ്ടത്. ആരോപണത്തിൽ എന്തെങ്കിലും വസ്തുത ഉണ്ടെങ്കിൽ സിപിഎം എന്ന പാർട്ടി പരിശോധിക്കാതെ ഇരിക്കില്ലല്ലോ. ആ കാര്യത്തിൽ രാഷ്ട്രീയമായ തീരുമാനം അപ്പോൾ ഉണ്ടാകും’, സജി ചെറിയാൻ പറഞ്ഞു.
മന്ത്രിയെന്ന നിലയിൽ താൻ രഞ്ജിത്തിനോട് സംസാരിച്ചോ ഇല്ലയോ എന്നത് മാധ്യമ പ്രവർത്തകരോട് പറയേണ്ട ആവശ്യമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.