
ആലപ്പുഴ:കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര് ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് പോയ ബസും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
വണ്ടാനത്തെ ഗവ.മെഡിക്കൽ കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്നു സഹപാഠികൾ പറഞ്ഞു. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്റെ ഉടമസ്ഥതയിലുള്ള ടവേര കാർ വാടകയ്ക്കെടുത്തായിരുന്നു യാത്ര. കനത്ത മഴയിൽ കാഴ്ച അവ്യക്തമായതും റോഡിൽ വാഹനം തെന്നിയതുമാകാം അപകടത്തിനു കാരണമെന്നു കരുതുന്നതായി ആർടിഒ എ.കെ.ദിലു പറഞ്ഞു