
പത്തനംതിട്ട : കോടതി ഉത്തരവ് പ്രകാരം വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കാനെത്തിയ കോടതി ഉദ്യോഗസ്ഥരെയും ബാങ്ക് ജീവനക്കാരെയും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ. പത്തനംതിട്ട വാഴമുട്ടം തെള്ളശ്ശേരത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യയാണ് രേഖ നായർ.
വ്യാഴാഴ്ചയാണ് സംഭവം. ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനായാണ് കോടതി കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും വാഴമുട്ടത്തെത്തിയത്. തുടർന്ന് വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതോടെ പ്രതി ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
സംഭവത്തിൽ പരാതിക്കാരിയായ നീതു രാജുവിനും മറ്റ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും വെള്ളിയാഴ്ച വൈകിട്ട് 6:15ഓടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നിവയ്ക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെയും കേരള പോലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.