
പനമരം (വയനാട്): നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിലായി. നടവയൽ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആർ. ഷിജു (44)വിനെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ. കെ. സിൻഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശനിയാഴ്ച പ്രതിയെ പിടികൂടിയത്. മുൻപ് സ്വന്തം ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
2026 നവംബർ 20-ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടവയൽ റേഷൻകടയ്ക്ക് സമീപം നിന്ന് ഷിജുവും മറ്റൊരാളും മദ്യലഹരിയിൽ തർക്കത്തിലേർപ്പെടുന്നത് റേഷൻകട ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് ഇരുവരോടും അവിടെനിന്ന് മാറിപ്പോകാൻ ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഷിജു ജീവനക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സ്ഥലത്തുനിന്ന് മടങ്ങി.
എന്നാൽ അല്പസമയത്തിന് ശേഷം കത്തിയുമായി തിരിച്ചെത്തിയ പ്രതി, റേഷൻകടയുടെ വരാന്തയിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരനെ തടഞ്ഞുനിർത്തി പുറംഭാഗത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ജീവനക്കാരൻ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. ആക്രമണത്തിന് ഉപയോഗിച്ച കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.