
തൃശ്ശൂർ: കുന്നംകുളം ചെമ്മണ്ണൂരിൽ വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവിനെ പോലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ചെമ്മണ്ണൂർ പാനപറമ്പ് സ്വദേശി മമ്പറമ്പത്ത് വീട്ടിൽ മുകേഷ് (25) ആണ് പിടിയിലായത്.ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ആറോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
ഇയാളുടെ പക്കൽ നിന്ന് 9.63 ഗ്രാം എം.ഡി.എം.എ (MDMA)-യും 250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് മുകേഷെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഇയാൾക്ക് ലഹരി ലഭിച്ച ഉറവിടത്തെക്കുറിച്ചും മാഫിയാ ബന്ധങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.