Banner Ads

സർക്കാറിന് ആവശ്യമെങ്കിൽ വിമാനവും ഹെലികോപ്റ്ററും നൽകും; പ്രതിഉപകാരം പ്രതീക്ഷിച്ചല്ലെന്നും എം.എ. യൂസഫലി

ദുബൈ: സംസ്ഥാന സർക്കാറിനോ രാജ്യത്തിനോ ആവശ്യം വന്നാൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനൽകാൻ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. സർക്കാറിനോ ഭരണാധികാരികൾക്കോ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഇവ നൽകുമെന്നും ഇതിന് പ്രതിഉപകാരമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നിലനിൽക്കുന്ന പ്രൈവറ്റ് ജെറ്റ് വിവാദങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.”എനിക്ക് സ്വന്തമായി ഹെലികോപ്റ്ററും വിമാനവുമുണ്ട്, അത് എല്ലാവർക്കും അറിയാവുന്നതാണ്. സർക്കാറിന് ഏത് സമയത്ത് ആവശ്യം വന്നാലും അത് നൽകും. ഒന്നും തിരിച്ചുപിടിച്ചെടുക്കാനോ സ്വാധീനിക്കാനോ വേണ്ടിയല്ല ഇത് ചെയ്യുന്നത്. അങ്ങനെയൊരു വ്യക്തിയല്ല ഞാൻ.

“കേരളത്തിലെ സ്വകാര്യ ജെറ്റ് വിവാദങ്ങളിൽ പ്രത്യേക അഭിപ്രായം പറയാനില്ലെന്നും വിവാദമുണ്ടാക്കിയവർ തന്നെ അത് അവസാനിപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വകാര്യ വിമാനങ്ങളുടെ ഉപയോഗവും സർക്കാർ ആവശ്യങ്ങൾക്ക് സ്വകാര്യ വിഭവങ്ങൾ ഉപയോഗിക്കുന്നതിലെ മാനദണ്ഡങ്ങളും മുൻനിർത്തി രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്ന പശ്ചാത്തലത്തിലാണ് യൂസഫലിയുടെ ഈ പരാമർശം ഏറെ ശ്രദ്ധേയമാകുന്നത്.