
ന്യൂഡൽഹി : അക്ഷരം കൂട്ടിവായിച്ചുതുടങ്ങുന്ന കുട്ടിക്കുപോലും പ്രമുഖനായ പേര്. ഉപ്പുതൊട്ട് ഉരുക്കുവരെ, റോഡുമുതല്‍ ആകാശംവരെ എല്ലായിടത്തും സ്വന്തം കുടുംബത്തിന്റെപ്പേര് എഴുതിച്ചേർത്ത ഒരേഒരു വ്യവസായഗ്രൂപ്പ്.
ഇന്നത്തെ ഉന്നതിയിലേക്ക് ടാറ്റയെ എത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ഒരേഒരു മനുഷ്യന് സ്വന്തം. വ്യവസായരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും വിപ്ലവം സൃഷ്ടിച്ച പ്രതിഭയാണ് ഇന്നലെ രാത്രി വിടപറഞ്ഞ രത്തൻ ടാറ്റ എന്ന 86 കാരൻ. വർഷങ്ങള്‍ക്കു മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തുനിന്ന് അദ്ദേഹം പടിയിറങ്ങിയെങ്കിലും ജനങ്ങള്‍ക്കിടയില്‍ ടാറ്റ എന്നാല്‍ രത്തൻ ടാറ്റയായിരുന്നു. ഇനിയും അത് അങ്ങനെതന്നെയായിരിക്കും.
ഇന്ത്യയോടൊപ്പം ലോകവും നെഞ്ചിലേറ്റിയ ടാറ്റ ഗ്രൂപ്പിന്റെ അനന്തരഅവകാശി ഇനി ആരായിരിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. കുടുംബത്തിന് പുറത്തുള്ള സൈറസ് പി മിസ്ത്രിയെയാണ് താൻ സ്ഥാനമൊഴിഞ്ഞശേഷം ടാറ്റയുടെ താക്കോള്‍ രത്തൻ ടാറ്റ ഏല്‍പ്പിച്ചത്. എന്നാൽ , അത് വളരെക്കുറച്ചുനാളുകളിലേക്ക് മാത്രമായിരുന്നു.
അഭിപ്രായവ്യത്യാസത്തെത്തുടർന്ന് നാലുവർഷം കഴിഞ്ഞപ്പോള്‍ മിസ്ത്രി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്തായി. പിന്നാലെ നടരാജൻ ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്തെത്തുകയും ചെയ്തു. ബന്ധങ്ങള്‍ക്കതീതമായി പ്രൊഫഷണലിസത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ തലപ്പത്തേക്ക് പുതുതായി കാെണ്ടുവന്നിരിക്കുന്നത് കുടുംബത്തിലെ ഇളമുറക്കാരായ മൂന്നുപേരെയാണ്. നോയല്‍ ടാറ്റയുടെ മക്കളായ ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ തുടങ്ങിയവരാണിവർ.
ഇവർ ടാറ്റാ ട്രസ്റ്റിലേക്ക് നിയമിതരായതും ഈ വർഷം തന്നെയാണ്. മൂന്നുപേരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. മൂന്നുപേർക്കും മൂന്നുമേഖലകളാണ് കൊടുത്തിട്ടുള്ളത്. ഇതിൽ ആദ്യത്തെ ആളാണ് ലിയ ടാറ്റ.
സ്പെയിനിലെ ഐഇ ബിസിനസ് സ്കൂളില്‍ നിന്നാണ് ലിയ ബിരുദമെടുത്തത്. ടാജ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ടാറ്റാ സോഷ്യല്‍ വെല്‍ഫെയർ ട്രസ്റ്റ്, ടാറ്റ എഡ്യൂക്കേഷൻ ട്രസ്റ്റ്, സാർവ ജനിക് ട്രസ്റ്റ് തുടങ്ങിയവയിലാണ് ലിയ പ്രവർത്തിക്കുന്നത്.
നെവില്‍ ടാറ്റയാണ് ടാറ്റ ഗ്രൂപ്പിന്റെ ഫാഷൻ വിഭാഗമായ ട്രെന്റ് ലിമിറ്റഡിന് കീഴില്‍ പ്രവർത്തിക്കുന്ന സ്റ്റാർ ബസാറിനെ നയിക്കുന്നത്. റീട്ടെയില്‍ ബിസിനസ്മേൽനോട്ടം വഹിക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വപാടവവും മിടുക്കും വളരെ പ്രകടമാണ്. ടാറ്റ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റീല്‍സിന്റെ ബോർഡംഗമായും നെവിലിനെ നിയമിച്ചിട്ടുണ്ട്.
ബയേസ് ബിസിനസ് സ്‌കൂളിലും വാർവിക്ക് യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുള്ളവളാണ് മൂവർ സംഘത്തിലെ ഏറ്റവും ഇളമുറക്കാരിയായ മായ ടാറ്റ. ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ട്, ടാറ്റ ഡിജിറ്റല്‍ തുടങ്ങിയവയില്‍ അവർ പ്രവർത്തിക്കുന്നു.ശക്തമായ നേതൃത്വമാണ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ സംരംഭങ്ങളില്‍ മായ വഹിക്കുന്നത്. ടാറ്റ ഡിജിറ്റലില്‍ ജോലി ചെയ്തിരുന്ന സമയത്ത് ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കിയതും മായയാണ്. രത്തൻ ടാറ്റയുടെ പാരമ്പര്യം തുടരാൻ ഏറെ സാദ്ധ്യത കല്പിക്കപ്പെട്ടിട്ടുള്ളത് മുപ്പത്തിനാലുകാരിയായ മായ ടാറ്റയ്ക്കുതന്നെയാണ്.
1991ലാണ് രത്തൻ ടാറ്റ, ടാറ്റ സണ്‍സ് ചെയർമാൻ ആകുന്നത്. അദ്ദേഹത്തിന്റെ നേതതൃത്വത്തിലാണ് ടാറ്റ ഗ്രൂപ്പ് ഇന്ത്യൻ കമ്പനി എന്ന ലേബലില്‍ നിന്ന് ആഗോള വ്യസായത്തിൽ അസാമാന്യമായ ഉയരത്തോടെ മാറിയത്. ജാഗ്വാർ ലാൻഡ് റോവർ, ടെറ്റ്ലി, കോറസ് എന്നീ ആഗോള കമ്പനികൾ ഏറ്റെടുത്താണ് അദ്ദേഹം ടാറ്റാ സാമ്രാജ്യം വളർത്തിയെടുത്തത്. ലാൻഡ് റോവർ ഉത്പാദനം ഇന്ത്യയില്‍ തുടങ്ങി, 60 ലക്ഷം വരെ വില കുറച്ച് മാർക്കറ്റിലിറക്കി.
ഇരുപത്തൊന്ന് വർഷമാണ് രത്തൻ ടാറ്റ ഗ്രൂപ്പിനെ നയിച്ചത്. 2012ഡിസംബറില്‍ അദ്ദേഹം ചെയർമാൻ സ്ഥാനം ഒഴിയുകയും ചെയ്തു. 91 വർഷം മുമ്പ് ടാറ്റ എയർലൈൻസ് എന്ന പേരില്‍ ജെ. ആർഡി ടാറ്റ ആരംഭിച്ച ഇന്ത്യയുടെ സ്വന്തം വിമാനകമ്പനി 1953ല്‍ എയർ ഇന്ത്യ എന്ന് പേര് മാറ്റി ദേശസാല്‍ക്കരിച്ചിരുന്നു. അത് തിരികെ രത്തൻ ടാറ്റയുടെ കൈയില്‍ തന്നെ വന്നു ചേരുകയും ചെയ്തു