
കൊല്ലം: തോട് വൃത്തിയാക്കുന്നതിനിടെ ലഭിച്ച പ്ലാസ്റ്റിക് ടിൻ തുറന്നുനോക്കിയ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ. മരുതമൺപള്ളി ക്ഷേത്രത്തിന് സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് ഈ പ്ലാസ്റ്റിക് ടിൻ ലഭിച്ചത്. തുറന്നു പരിശോധിച്ചപ്പോൾ വിവിധ തരത്തിലുള്ള നാൽപ്പതോളം ജോടി വെള്ളി ആഭരണങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്.
തൊഴിലാളികൾ ഉടൻ തന്നെ വിവരം വാർഡ് മെമ്പറെ അറിയിക്കുകയും, ജനപ്രതിനിധി ഇടപെട്ട് പൂയപ്പള്ളി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.35 ജോടി പാദസരങ്ങൾ 2 ജോടി കാൽത്തളകൾ,2 ഏലസുകൾ,5 മൂക്കുത്തികൾ,2 ജോടി കമ്മലുകൾ,1 മോതിരം,1 ഇടിവള,സമീപത്തുനിന്ന് ഡിജിറ്റൽ ത്രാസും കണ്ടെത്തി.ആഭരണങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് ടിൻ ലഭിച്ചതിന് തൊട്ടടുത്തുനിന്നുതന്നെ ആഭരണശാലകളിൽ സ്വർണ്ണവും വെള്ളിയും തൂക്കാനുപയോഗിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ ത്രാസും (വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്) കണ്ടെത്തുകയുണ്ടായി.
പോലീസ് അന്വേഷണം ശക്തം കണ്ടെടുത്ത സാധനങ്ങൾ തോട്ടിലൂടെ ഒഴുകി വന്നതാണോ അതോ ആരെങ്കിലും ബോധപൂർവ്വം തോട്ടിൽ ഉപേക്ഷിച്ചതാണോ എന്ന് പൂയപ്പള്ളി പോലീസ് അന്വേഷിച്ചുവരികയാണ്. ഇവ ഏതെങ്കിലും കവർച്ചാസംഘം മോഷ്ടിച്ചുകൊണ്ടുവന്ന മോഷണമുതലാകാനാണ് കൂടുതൽ സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപകാലത്ത് മേഖലയിലെവിടെയെങ്കിലും ജ്വല്ലറികളോ ആഭരണ നിർമ്മാണശാലകളോ കേന്ദ്രീകരിച്ച് മോഷണം നടന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.