
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനക്ഷേമം ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനങ്ങളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ക്ഷേമപെൻഷൻ തുക വർദ്ധിപ്പിച്ചത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്. ക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതോടെ നിലവിലെ പെന്‍ഷന്‍ തുകയായ 1600 എന്നത് 2000 ആയി ഉയരും. നംവബര്‍ 1 മുതല്‍ ക്ഷേമപെന്‍ഷന്‍ വര്‍ധനവ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രതിവര്‍ഷം 13000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വെയ്ക്കുന്നത്. ഇത് കൂടാതെ ഏറെക്കാലമായി സമരത്തിലായിരുന്ന ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ പ്രതിമാസം ആയിരം രൂപയുടെ വർധനവ് പ്രഖ്യാപിച്ചു.
കൂടാതെ അവരുടെ മുഴുവൻ കുടിശ്ശികയും ഉടൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് കൂടാതെ സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാര്‍ പുതിയ പദ്ധതി ആരംഭിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ അംഗങ്ങളല്ലാത്ത ട്രാൻസ് വുമൺ ഉൾപ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് സാമ്പത്തിക സഹായം നൽകുക. 35 മുതൽ 60 വയസ്സ് വരെ പ്രായമുള്ള, എ.ഐ.വൈ. (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച്. (പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെൻഷൻ അനുവദിക്കും.