Banner Ads

വറുതിക്കാലത്തെ അതിജീവിക്കാൻ പാതയോരങ്ങളിൽ ‘ഞാവൽ’ മധുരം; പ്രതീക്ഷയോടെ വയനാട്ടിലെ ഗോത്ര കുടുംബങ്ങൾ

സുൽത്താൻബത്തേരി: കനത്ത മഴക്കാലത്തെ പട്ടിണി മാറ്റാൻ കാട്ടുഞാവൽ പഴങ്ങളുടെ വിൽപ്പനയുമായി പാതയോരങ്ങളിൽ കാത്തിരിക്കുകയാണ് വയനാട്ടിലെ ഗോത്ര കുടുംബങ്ങൾ. കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് ഇപ്പോൾ കാട്ടുഞാവലിന്റെ നാട്ടുരുചി സമ്മാനിക്കുന്നത് ഈ മനുഷ്യരുടെ അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്.

മേയ്, ജൂൺ മാസങ്ങളിൽ വയനാട്ടിൽ മഴ ശക്തമാകുന്നതോടെ ഗോത്രവിഭാഗങ്ങളിൽ പെട്ട ഭൂരിഭാഗം പേർക്കും തൊഴിലില്ലാതാകും. ഈ വറുതിക്കാലത്തെ പട്ടിണി മാറ്റാനാണ് ഇവർ കാടുകയറി ഞാവൽ പഴങ്ങൾ ശേഖരിക്കുന്നത്. മുത്തങ്ങ, കല്ലൂർ, പൊൻകുഴി എന്നീ വനമേഖലകളോട് ചേർന്ന ദേശീയപാതയോരങ്ങളിലാണ് ഈ കാഴ്ച സജീവമായിരിക്കുന്നത്.

രാവിലെ മുതൽ തന്നെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന സംഘം ഞാവൽ പഴങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡിന്റെ ഇരുവശങ്ങളിലും നിലയുറപ്പിക്കും.കർണാടക സംസ്ഥാനങ്ങളിലേക്ക് പോകുന്ന അന്തർസംസ്ഥാന യാത്രക്കാരും വിനോദസഞ്ചാരികളുമാണ് ഈ പഴങ്ങൾ പ്രധാനമായും വാങ്ങുന്നത്.ഓരോ യാത്രക്കാരന് നേരെയും നീളുന്ന ഈ ഞാവൽക്കവറുകൾക്ക് പിന്നിൽ ഒരു കുടുംബത്തിന്റെ അപ്പോഴത്തെ വിശപ്പകറ്റാനുള്ള വലിയ പ്രതീക്ഷകളാണുള്ളത്.