
വയനാട് മേപ്പാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മേപ്പാടി എസ്.ഐക്ക് പരിക്കേറ്റു. തലയിൽ ഇരുമ്പ് കമ്പി കൊണ്ടാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. അപകടത്തിൽ നിലവിൽ മൂന്ന് പേർ മരണപ്പെട്ടതായാണ് വിവരം. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളാടി മീനാക്ഷി പാലത്തിന് സമീപം വയനാട് – കള്ളാടി തുരങ്കപ്പാതയുടെ നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് പതിക്കുകയായിരുന്നു.തൊഴിലാളികളുമായി വന്ന രണ്ട് ബസുകൾ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.
തുരങ്കപ്പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് മതിൽ ഉൾപ്പെടെയാണ് തകർന്നുവീണത്. കഴിഞ്ഞ ദിവസം ജില്ലയിൽ പെയ്ത അതിതീവ്ര മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്.ഹിര കുമാർ,ദിലീപ്, സൂരജ് യാദവ്,സഞ്ജയ് താക്കൂർ,രജനീഷ്, തന്മയ് ഘോഷ്,കൂപമാൽ,കുഞ്ചു,സന്തോഷ് കുമാർ അപകട സ്ഥലത്തുനിന്ന് ആറ് പേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധിയായ ടി. സിദ്ദിഖ് എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോടുള്ള ദുരന്തനിവാരണ സേനാംഗങ്ങളോട് ഉടൻ തന്നെ വയനാട്ടിലെത്താൻ നിർദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി വയനാട് ജില്ലാ കളക്ടറുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.