
കൊച്ചി: വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ ഹരിതകർമസേന വിമുഖത കാണിച്ചതിൽ പ്രതിഷേധിച്ച് തൃക്കാക്കര നഗരസഭാ ഓഫീസിന് മുന്നിൽ വീട്ടിലെ ഭക്ഷ്യമാലിന്യം തള്ളി യുവാവിന്റെ പ്രതിഷേധം. നഗരസഭയുടെ 38-ാം ഡിവിഷനിലെ എൻജിഒ ക്വാർട്ടേഴ്സ് പ്രദേശത്ത് താമസിക്കുന്ന സുനിലാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബക്കറ്റിൽ ശേഖരിച്ച ജൈവമാലിന്യം നഗരസഭയുടെ പ്രധാന പ്രവേശന കവാടത്തിന് മുന്നിൽ നിക്ഷേപിച്ച് പ്രതിഷേധിച്ചത്.
പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല പ്രധാന റോഡിൽ നിന്ന് കുത്തനെ ഇറക്കമിറങ്ങി ചെല്ലേണ്ട ഭാഗത്താണ് സുനിലിന്റെയും അയൽവാസികളുടെയും വീടുകൾ സ്ഥിതി ചെയ്യുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ മാലിന്യം മുകളിലെ പ്രധാന റോഡ് വരെ എത്തിക്കാൻ കഴിയില്ലെന്ന കാര്യം സുനിൽ ഡിവിഷൻ കൗൺസിലർ ഐഷ സുബൈറിനെ അറിയിച്ചിരുന്നു.കൗൺസിലർ നിർദ്ദേശിച്ചിട്ടും ഹരിതകർമസേനാംഗങ്ങൾ വീട്ടിലെത്തി മാലിന്യം ശേഖരിക്കാൻ തയ്യാറായില്ലെന്നാണ് പരാതി.
കുത്തനെയുള്ള ഇറക്കമായതിനാൽ വാഹനങ്ങൾ താഴേക്ക് ഇറക്കാൻ സാധിക്കില്ലെന്ന നിലപാടാണ് സേനാംഗങ്ങൾ സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് സുനിൽ നഗരസഭയ്ക്ക് മുന്നിൽ മാലിന്യ ബക്കറ്റുമായി എത്തിയത്.സംഭവം വിവാദമായതോടെ തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി ഹരിതകർമസേനയുടെ അടിയന്തര യോഗം വിളിച്ചുചേർത്തു.
സേനയുടെ വിശദീകരണം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കുത്തനെയുള്ള ഇറക്കങ്ങളിൽ വഴുക്കലുണ്ടായതിനാലാണ് മാലിന്യം മുകളിലെത്തിക്കാൻ താൽക്കാലിക നിർദ്ദേശം നൽകിയതെന്ന് ഹരിതകർമസേന യോഗത്തിൽ വിശദീകരിച്ചു.താൽക്കാലിക പരിഹാരം അടുത്ത ദിവസം മുതൽ ഈ വീടുകളിൽ നേരിട്ടെത്തി തന്നെ മാലിന്യം ശേഖരിക്കാമെന്ന് ഹരിതകർമസേനാംഗങ്ങൾ ഉറപ്പ് നൽകിയതോടെയാണ് നിലവിൽ പ്രശ്നത്തിന് പരിഹാരമായത്.