Banner Ads

ക്രിക്കറ്റ് ടീമും സിനിമയും തട്ടിപ്പുപണത്തിലോ? കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമയ്‌ക്കെതിരെ കേസ്

കൊച്ചി : കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് ജോർജിനെതിരെ കോടികളുടെ ക്രിപ്റ്റോ തട്ടിപ്പ് കേസിൽ പോലീസ് കേസെടുത്തു. യുകെ മലയാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 99 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

2014 മുതൽ യുകെ ആസ്ഥാനമാക്കി പ്രവർത്തിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ വഞ്ചിച്ച് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്. സ്വന്തമായി ക്രിപ്റ്റോ കറൻസിയും ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും നിർമ്മിച്ച് ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

വിഷയത്തിൽ യുകെ മെട്രോപോളിറ്റൻ പോലീസിലും തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് സുഭാഷ് ജോർജ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കിയതെന്നും പേട്രിയറ്റ് എന്ന സിനിമയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചതെന്നും പോലീസ് സംശയിക്കുന്നു.