Banner Ads

വിഷു ആഘോഷം കണ്ണീരായി; സ്വന്തം വീട്ടിലെത്തിയ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലുവ: വിഷു ആഘോഷിക്കാനായി സ്വന്തം വീട്ടിലെത്തിയ നവവധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ വീടിനുള്ളിലെ കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ സെപ്റ്റംബർ 14-നായിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് ശ്രീക്കുട്ടൻ അവധിക്ക് ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഈ മാസം 14-നാണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനൊപ്പം ഭക്ഷണം കഴിക്കുമ്പോൾ പോലും കൃഷ്ണപ്രിയ വളരെയധികം സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.ഭർതൃവീട്ടുകാർക്കും കുട്ടികൾക്കുമായി സമ്മാനങ്ങളും കുട്ടിയുടുപ്പുകളും വാങ്ങിവെച്ചിരുന്നു.

തൃശൂരിലെ ഭർതൃവീട്ടിലേക്ക് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്താൻ ഓട്ടോറിക്ഷ വരെ ഏർപ്പാട് ചെയ്തതിന് ശേഷമാണ് ദാരുണമായ ഈ സംഭവം നടന്നത്.സംഭവത്തിൽ ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.