
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്യുടെ ആദ്യ രാഷ്ട്രീയ വിജയമായി നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് മാറി. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ ജെ.സി.ഡി പ്രഭാകർ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എം. രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ. പ്രോടേം സ്പീക്കർ എം.വി. കറുപ്പയ്യയാണ് പ്രഖ്യാപനം നടത്തിയത്.പ്രതിപക്ഷ കക്ഷികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർത്ഥികളെ നിർത്താതിരുന്നത് ടി.വി.കെയ്ക്ക് വലിയ രാഷ്ട്രീയ നേട്ടമായി. സഭാ നടപടികൾക്ക് മുന്നോടിയായി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ നേരിൽ കണ്ട് വിജയ് നടത്തിയ സൗഹൃദ സന്ദർശനങ്ങൾ രാഷ്ട്രീയ വൈര്യത്തിനപ്പുറം ഗുണകരമായ മാറ്റമുണ്ടാക്കിയെന്നതിന്റെ തെളിവാണ് ഈ ഏകകണ്ഠമായ തിരഞ്ഞെടുപ്പ്.
പുതിയ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ടി.വി.കെ നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് ഇരിപ്പിടത്തിലേക്ക് ആനയിച്ചത്.മൂന്ന് തലമുറകളിലെ രാഷ്ട്രീയ ചരിത്രമുള്ള നേതാവാണ് ജെ.സി.ഡി പ്രഭാകർ. എം.ജി.ആർ, ജയലളിത, ഇപ്പോൾ വിജയ് എന്നിവരുടെ സർക്കാരുകളുടെ കാലത്ത് നിയമസഭാംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഭാ നടപടികളിലുള്ള അദ്ദേഹത്തിന്റെ ദീർഘകാല പരിചയം ഭരണനിർവ്വഹണം സുഗമമാക്കുമെന്ന് ടി.വി.കെ കണക്കുകൂട്ടുന്നു.
1980-ൽ 28-ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് എ.ഐ.എ.ഡി.എം.കെ ടിക്കറ്റിൽ ആദ്യമായി സഭയിലെത്തി.ഒ. പനീർസെൽവത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം 2026 ജനുവരിയിലാണ് വിജയ്യുടെ പാർട്ടിയിൽ ചേർന്നത്.ചെന്നൈ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്ന് ഡി.എം.കെയിലെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് ഇത്തവണ സഭയിലെത്തിയത്.73 വയസ്സുകാരനായ പ്രഭാകർ ടി.വി.കെയുടെ പ്രധാന മുഖങ്ങളിലൊന്നാണ്. തുറയൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും സഭയെ നയിക്കും.