
ചെന്നൈ:തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. ചെന്നൈയിൽ ചേർന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ വിജയിനെ തമിഴക വെട്രി കഴകം (TVK) നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠേന തെരഞ്ഞെടുത്തു. ഇതോടെ തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേൽക്കുമെന്ന് ഉറപ്പായി. ഇതിനിടെ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് (118) ഇനി 10 പേരുടെ പിന്തുണ കൂടി വേണം.ഗവർണർ ക്ഷണിച്ചാൽ പിന്തുണയ്ക്കുന്നവരുടെ എണ്ണം 130-135 വരെ ഉയരുമെന്ന് നിയുക്ത എംഎൽഎ വി.എൻ.എസ് മുസ്തഫ ആത്മവിശ്വാസം പ്രകടിപ്പിച്ചു.സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് വിജയ് ഈ ആഴ്ച തന്നെ ഗവർണറെ കാണുമെന്ന് കമ്പം എംഎൽഎ ജഗന്നാഥ് മിശ്ര അറിയിച്ചു.
ടിവികെയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഇടത് പാർട്ടികളും കോൺഗ്രസും അനുകൂല നിലപാടിലാണെന്നാണ് സൂചനകൾ. ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ടിവികെ ഉറപ്പ് നൽകിയാൽ പിന്തുണയ്ക്കാമെന്നാണ് ഇടതുനേതാക്കളുടെ അഭിപ്രായം. നിലവിൽ സിപിഎം, സിപിഐ പാർട്ടികൾക്ക് രണ്ട് വീതം സീറ്റുകളുണ്ട്. “യുവാക്കളുടെ വികാരം അവഗണിക്കില്ല” എന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ടിവികെയ്ക്കുള്ള പിന്തുണയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കോൺഗ്രസിന് സഭയിൽ അഞ്ച് എംഎൽഎമാരുണ്ട്.മുസ്ലിം ലീഗ്, വിസികെ (2 വീതം സീറ്റുകൾ), എൻഡിഎ സഖ്യത്തിലുള്ള പിഎംകെ (5 സീറ്റ്), എഎംഎംകെ (1 സീറ്റ്) എന്നിവരുടെ നിലപാടുകളും നിർണ്ണായകമാകും.
മാറ്റത്തിനായുള്ള ജനവിധിയാണിതെന്നും 24 മണിക്കൂറും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നുമാണ് വിജയ് തന്റെ എംഎൽഎമാർക്ക് നൽകിയിട്ടുള്ള ഉപദേശം. എല്ലാ നിയുക്ത എംഎൽഎമാരോടും ചെന്നൈയിൽ തുടരാൻ പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. സഭയിൽ കൃത്യമായ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും ന്യൂനപക്ഷ സർക്കാരായി ഭരണം മുന്നോട്ട് കൊണ്ടുപോകാനുള്ള സാധ്യതകളും ടിവികെ പരിശോധിക്കുന്നുണ്ട്.