Banner Ads

തമിഴകത്ത് വിജയ് യുഗം; 118 പേരുടെ പിന്തുണയെന്ന് അവകാശവാദം, സത്യപ്രതിജ്ഞ നാളെ

ചെന്നൈ : തമിഴ്‌നാട്ടിൽ ഭരണത്തിലേറാൻ ആവശ്യമായ 118 അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ്. ഗവർണറെ കണ്ടാണ് വിജയ് ഭൂരിപക്ഷം അവകാശപ്പെട്ടതെങ്കിലും സഖ്യകക്ഷികളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. നാളെ (07/05/2026) ഗംഭീരമായ ചടങ്ങോടെ സത്യപ്രതിജ്ഞ ചെയ്യാനാണ് വിജയ്‌യുടെ നീക്കം.

കോൺഗ്രസ് മാത്രമാണ് ടിവികെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസ് സീറ്റുകൾ മാത്രം വിജയിക്ക് ഭൂരിപക്ഷം തികയ്ക്കാൻ പര്യാപ്തമല്ല. നാല് സീറ്റുകളുള്ള പിഎംകെ ടിവികെയുടെ ഭാഗമാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. കൂടാതെ ഓരോ സീറ്റുകൾ വീതമുള്ള ഡിഎംഡികെ, എഎംഎംകെ എന്നിവരെയും ഒപ്പം കൂട്ടാൻ ടിവികെ ശ്രമിക്കുന്നുണ്ട്.

ടിവികെയെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് എഐഎഡിഎംകെ അറിയിച്ചിട്ടുണ്ടെങ്കിലും അവരുമായി ഔദ്യോഗിക സഖ്യമുണ്ടാക്കാൻ വിജയ്ക്ക് താല്പര്യമില്ലെന്നാണ് സൂചന. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ഡിഎംകെ സഖ്യത്തിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിസികെ, സിപിഐ എന്നീ പാർട്ടികളും വിജയ്‌ക്കൊപ്പമില്ലെന്ന് അറിയിച്ചു കഴിഞ്ഞു. സിപിഎം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.