Banner Ads

വേളാങ്കണ്ണി തിരുനാൾ: കൊച്ചുവേളിയിൽനിന്ന് കൂടുതൽ സർവീസുകൾ; ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം : വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പ്രമാണിച്ച് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് വേളാങ്കണ്ണിയിലേക്ക് ദക്ഷിണ റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.

ഇരുഭാഗങ്ങളിലേക്കും രണ്ട് സർവീസുകൾ വീതമാണ് ഉണ്ടായിരിക്കുക. റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരം നോർത്ത്-വേളാങ്കണ്ണി (06115) റൂട്ടിൽ ഓഗസ്റ്റ് 29, സെപ്റ്റംബർ 5 (ശനിയാഴ്ചകളിൽ) ദിവസങ്ങളിൽ സർവീസ് നടത്തും.

വൈകുന്നേരം 7:35ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8:40ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണി- തിരുവനന്തപുരം നോർത്ത് (06116) റൂട്ടിൽ ഓഗസ്റ്റ് 30, സെപ്റ്റംബർ 6 (ഞായറാഴ്ചകളിൽ) ദിവസങ്ങളിൽ സർവീസ് നടത്തും. വൈകുന്നേരം 7:30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:30ന് തിരുവനന്തപുരം നോർത്തിലെത്തും.

നെയ്യാറ്റിൻകര, കുഴിത്തുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, നാങ്കുനേരി, തിരുനെൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ഡിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ് വേളാങ്കണ്ണി തിരുനാൾ. നേരത്തെ പ്രഖ്യാപിച്ച എറണാകുളം ജങ്ഷൻ-വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ സർവീസ് നടത്തും.