
കേരളത്തിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമായിരിക്കെ, വി.ഡി. സതീശനെ തന്നെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സിദ്ദിഖ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. വി.ഡി. സതീശനല്ലാതെ മറ്റൊരു പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മാറ്റമുണ്ടായാൽ അത് ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം കുറിച്ചു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ പ്രധാന കാരണം വി.ഡി. സതീശന്റെ നേതൃപാടവമാണെന്ന് സിദ്ദിഖ് വിശ്വസിക്കുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയോ കുതികാൽവെട്ടിന്റെയോ പേരിൽ അർഹതപ്പെട്ട പദവിയിൽ നിന്ന് സതീശനെ മാറ്റരുത്. ഇതൊരു സാധാരണക്കാരന്റെ അപേക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.”യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിൽ വരും, ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും” എന്ന് വെല്ലുവിളിക്കാൻ ചങ്കുറപ്പ് കാണിച്ച ഏക നേതാവാണ് വി.ഡി. സതീശൻ.
സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാത്ത, ഭീഷണികൾക്ക് വഴങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കാര്യപ്രാപ്തിയുള്ള നേതാവാണ് സതീശനെന്നും സിദ്ദിഖ് പ്രശംസിച്ചു.വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ വരണമെന്നത് ജനവികാരമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് സിദ്ദിഖ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.