തൃശ്ശൂർ : രാമനിലയത്തിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ തള്ളി മാറ്റി. ബിജെപി അധ്യക്ഷന്റെ പ്രതികരണം വന്നതിന്റെ തൊട്ട് പിന്നാലെ ഈ നിലപാടിൽ എന്തെങ്കിലും തിരുത്ത് സുരേഷ് ഗോപി എം.പി വരുത്തിയോ എന്നറിയാനായി മാധ്യമ പ്രവർത്തകരുടെ സംഘം രാമനിലയത്തിന്റെ മുൻപിൽ കാത്ത് നിൽക്കുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണ് എന്ന് പറഞ്ഞാണ് മാധ്യമ പ്രവർത്തകരെ കേന്ദ്ര മന്ത്രി പിടിച്ച് തള്ളിയത്.
ജനങ്ങൾക്ക് അറിയേണ്ട ചോദ്യമാണ് ഞങ്ങൾ ചോദിക്കുന്നത് എന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് കാറിൽ കയറിയതിന് ശേഷം സൗകര്യമില്ലായെന്നാണ് അദ്ദേഹം നൽകിയ മറുപടി. തൃശ്ശൂരിൽ തന്നെ മറ്റൊരു പരുപാടിയിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി പോയത്. രാവിലെയും മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായിട്ടാണ് സുരേഷ് ഗോപി പ്രതികരിച്ചത്. മുകേഷ് എംഎൽഎ സ്ഥാനം രാജി വെയ്ക്കേണ്ടതില്ലായെന്ന് അല്ലെങ്കിൽ മുകേഷിനെ പരസ്യമായി പിന്തുണയ്‌ക്കുന്നുവെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്.
എന്നാൽ മുകേഷ് രാജി വെയ്ക്കണം എന്നാണ് ബിജെപി പറയുന്നത്. ‘വളരെ ഗുരുതരമായിട്ടുള്ള കാര്യമാണ്. സംസ്ഥാനത്തെ യുവാക്കളെ സംബന്ധിച്ചിടത്തോളം ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഈയൊരു പ്രതിഭാസം നമ്മടെ നാടിന് ഗുണകരമല്ല. ഭാവിയെ ബാധിക്കുന്ന ഒരു വിഷയമാണ്. മട്ടാഞ്ചേരി മാഫിയയുടെ പ്രവർത്തനങ്ങൾ കൂടി ഇത്തരത്തിൽ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ആത്മാർത്ഥമായിട്ടുള്ള ഇടപെടൽ ഉണ്ടാവണം എന്നും ഞങ്ങൾ സർക്ജാറിനോട് ആവശ്യപെടുകയാണ്.
ഒരു ചലച്ചിത്ര നടനെന്ന നിലയിൽ ബഹുമാനപെട്ട സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട്. പക്ഷെ പാർട്ടിയുടെ നിലപാട് മുകേഷ് രാജി വെയ്ക്കണം എന്നുള്ളത് തന്നെയാണ്. അതനുസരിച്ചുള്ള നിലപാടുമായിട്ടാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ആ നിലപാടിൽ ഒരു മാറ്റവുമില്ല. പാർട്ടിയുടെ നിലപാട് പാർട്ടി പറയുന്നതാണ്’ എന്നാണ് ബി.ജെ.പി.യുടെ കേരള സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞത്.