
മലപ്പുറം: കോട്ടക്കൽ എടരിക്കോട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 1.24 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.ലഹരിക്കടത്ത് സംഘം സഞ്ചരിച്ചിരുന്ന കാറിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. കുട്ടിയെ ചൈൽഡ് വെൽഫെയർ ബോർഡിന് (CWB) മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.ലഹരിമരുന്ന് കടത്തുന്നതിനെക്കുറിച്ച് പൊലീസിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റ് രേഖപ്പെടുത്തിയ ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരിക്കടത്ത് സംഘത്തിന്റെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വരുംദിവസങ്ങളിൽ വിദഗ്ധ കൗൺസിലിംഗ് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നതിനെക്കുറിച്ച് കൽപകഞ്ചേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.