Banner Ads

കോവളത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന കടൽവെള്ളരികളുമായി രണ്ടുപേർ പിടിയിൽ; വനംവകുപ്പ് നടപടി

തിരുവനന്തപുരം: സംരക്ഷിത വിഭാഗത്തിൽപ്പെട്ട എൺപതോളം കടൽവെള്ളരികളുമായി രണ്ടുപേരെ വനംവകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് അധികൃതർ പിടികൂടി. പനവൂർ അഞ്ചാംകല്ല് സ്വദേശി അജിമോൻ (46), വെങ്ങാനൂർ വവ്വാമൂല സ്വദേശി ഷിജുകുമാർ (41) എന്നിവരാണ് കോവളം ലൈറ്റ്ഹൗസിന് സമീപത്തുനിന്ന് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് രണ്ട് കിലോഗ്രാമോളം തൂക്കം വരുന്ന കടൽവെള്ളരികളും സഞ്ചരിക്കാൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

പവിഴപ്പുറ്റുകൾക്കിടയിലും കടലിന്റെ അടിത്തട്ടിലും കാണപ്പെടുന്ന കടൽവെള്ളരികൾ ഇന്ത്യയിൽ 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഒന്നാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒന്നാണ്. ഇവയെ പിടികൂടുന്നതും സൂക്ഷിക്കുന്നതും വിൽപ്പന നടത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങളിൽ വലിയ ഔഷധ-ഭക്ഷ്യ മൂല്യമുള്ളതിനാൽ അന്താരാഷ്ട്ര വിപണിയിൽ ഇവയ്ക്ക് ലക്ഷക്കണക്കിന് രൂപ വിലമതിക്കും.

മുമ്പും കൊച്ചി, പെരുമ്പാവൂർ തുടങ്ങിയ മേഖലകളിൽ സമാന രീതിയിൽ കടൽവെള്ളരി കടത്താൻ ശ്രമിച്ച കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി റിമാൻഡ് ചെയ്തു.