
കൊച്ചി : എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരുക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
റോഡിന്റെ ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികൻ പെട്ടെന്ന് വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് തിരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ വെട്ടിച്ചതോടെ വാഹനം പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടസമയത്ത് പമ്പിന് സമീപം നിന്ന മറ്റൊരു ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.