
കൊച്ചി: സ്വർണവില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളിൽ സ്വർണം പണയം വെച്ചവർ കടുത്ത പ്രതിസന്ധിയിൽ. സ്വർണത്തിന്റെ വിപണി മൂല്യം കുറഞ്ഞതോടെ, നേരത്തെ ഉയർന്ന നിരക്കിൽ വായ്പ എടുത്തവർക്ക് ബാങ്കുകളിൽ നിന്ന് സന്ദേശങ്ങളും നോട്ടീസുകളും ലഭിച്ചുതുടങ്ങി.
പണയം വെച്ച സ്വർണത്തിന്റെ മൂല്യത്തേക്കാൾ വായ്പാ തുക ഉയർന്നതോടെ, അധിക തുക തിരികെ അടയ്ക്കുകയോ കൂടുതൽ സ്വർണം പണയത്തിലേക്ക് നൽകുകയോ വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം.”നിങ്ങൾക്ക് അനുവദിച്ച സ്വർണപ്പണയ വായ്പയിൽ നിശ്ചിത ശതമാനം മാർജിൻ നിലനിർത്തേണ്ടതാണെന്ന് കരാറിൽ സമ്മതിച്ചതാണ്. എന്നാൽ സ്വർണവില കുറഞ്ഞതോടെ അനുവദിച്ച തുക നിലവിലെ വായ്പാ പരിധിക്ക് മുകളിലായിരിക്കുകയാണ്.
അതിനാൽ, ഉയർന്ന നിരക്കിൽ അന്ന് അധികമായി നൽകിയ തുക തിരികെ അടയ്ക്കണം. പണമോ ചെക്കോ നൽകിയോ, അല്ലെങ്കിൽ അധിക സ്വർണം പണയം വെച്ചോ ഈ കുറവ് നികത്താൻ നിർദ്ദേശിക്കുന്നു.”സ്വർണവില റെക്കോർഡ് നിരക്കിൽ നിന്നിരുന്ന സമയത്ത് പരമാവധി തുക വായ്പയെടുത്തവരെയാണ് പുതിയ സാഹചര്യം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. പെട്ടെന്നുണ്ടായ വിലയിടിവിനെത്തുടർന്ന് പണം കണ്ടെത്താനാകാതെ സാധാരണക്കാരായ ഇടപാടുകാർ നെട്ടോട്ടമോടുകയാണ്.