
പാലക്കാട്: ആമയൂരിൽ വീട് കുത്തി തുറന്ന് മോഷണം. കൊട്ടാരത്തിൽ ജനാർദ്ദനന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്. ജനാർദ്ദനനും കുടുംബവും കഴിഞ്ഞ ഒരു മാസമായി ഗോവയിലാണ്. വീട് പൂട്ടിയിട്ടിരിക്കുകയാണ്. രാവിലെ പുറം പണിക്കാരൻ വന്ന് നോക്കിയപ്പോഴാണ് ഔട്ട് ഹൗസിന്റെ വാതിൽ തുറന്നു കിടക്കുന്നതും അടുത്ത വീട്ടിലെ തേങ്ങ പൊളിക്കുന്ന യന്ത്രവും മഴുവും കണ്ടെത്തിയത്.
തുടർന്ന് സമീപത്തുള്ള കുടുംബക്കാരെ വിവരമറിയിച്ചു. അവർ വന്ന് നോക്കിയപ്പോഴാണ് വീടിൻറെ മുന്നിലെ വാതിൽ തകർത്ത നിലയിൽ കണ്ടത്. മുറികളിലെ അലമാരകളും മേശകളും തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ല എന്നാണ് വിവരം. വീട്ടുകാർ തിരിച്ചെത്തി പരിശോധിച്ചാൽ മാത്രമേ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന് അറിയുള്ളൂ. വിവരമറിഞ്ഞ് കൊപ്പം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.