Banner Ads

മതസൗഹാർദ്ദത്തിന്റെ വിശ്വസന്ദേശം: ചിക്കാഗോ പ്രസംഗത്തിന്റെ വാർഷിക ദിനം

1893 സെപ്റ്റംബർ 11-ന് അമേരിക്കയിലെ ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം ഭാരതീയ സംസ്കാരത്തിന്റെ സന്ദേശം ലോകത്തിന് മുന്നിൽ വിളിച്ചോതിയ സുവർണ്ണ അധ്യായമാണ്….

​കൊൽക്കത്തയിൽ 1863 ജനുവരി 12-ന് ജനിച്ച നരേന്ദ്രനാഥ ദത്ത
രാമകൃഷ്ണ പരമഹംസരുടെ പ്രിയശിഷ്യനാണ്. ഗുരുവിന്റെ വിയോഗത്തിനുശേഷം സന്യാസം സ്വീകരിച്ച് ഭാരതം മുഴുവൻ കാൽനടയായി സഞ്ചരിച്ച അദ്ദേഹം, ജനങ്ങളുടെ ദാരിദ്ര്യവും യാതനകളും നേരിട്ട് മനസ്സിലാക്കി.
​ഹിന്ദുധർമ്മത്തെ പ്രതിനിധീകരിക്കാൻ ആരുമില്ലെന്നറിഞ്ഞ് മൈസൂർ മഹാരാജാവിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് അദ്ദേഹം അമേരിക്കയിലേക്ക് കപ്പൽ കയറിയത്. …

നരേന്ദ്രനാഥ ദത്ത എന്ന പേര് മാറ്റി ‘സ്വാമി വിവേകാനന്ദൻ’ എന്ന് പുതിയൊരു പേര് നൽകിയത് രാജാവായ അജിത് സിംഗ് ആണ്….
രാജസ്ഥാനിലെ ‘ഖേത്രി’ എന്ന നാട്ടുരാജ്യത്തെ രാജാവായിരുന്നു അജിത് സിംഗ് ബഹാദൂർ. സ്വാമിജിയുടെ വലിയൊരു ഭക്തനും ,സുഹൃത്തുമായിരുന്നു അദ്ദേഹം.
​സ്വാമിജി അമേരിക്കയിലെ ചിക്കാഗോ സർവ്വമത സമ്മേളനത്തിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് ഈ പേര് നൽകിയത്. വിദേശത്തേക്ക് പോകുമ്പോൾ സന്യാസിക്ക് അനുയോജ്യമായ ഒരു പേര് ഉണ്ടാകണമെന്ന് രാജാവ് ആഗ്രഹിച്ചു.

അങ്ങനെയാണ് ‘വിവേകാനന്ദൻ’ എന്ന പേര് അദ്ദേഹം നിർദ്ദേശിച്ചതും സ്വാമിജി അത് സ്വീകരിച്ചതും….ഔദ്യോഗിക ക്ഷണക്കത്തോ മുൻകൂട്ടിയുള്ള രജിസ്ട്രേഷനോ ഇല്ലാതെ ചിക്കാഗോയിൽ എത്തിയ അദ്ദേഹത്തിന്, പ്രൊഫസർ ജോൺ ഹെൻറി റൈറ്റിന്റെ സഹായത്തോടെയാണ് സമ്മേളനത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചത്.

​”അമേരിക്കയിലെ സഹോദരി സഹോദരന്മാരേ…” എന്ന വിളിയിലൂടെ ഹൃദയം കീഴടക്കിയ ആ പ്രസംഗം വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു:
​എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നാണെന്നും മതം ഒന്നിപ്പിക്കാനാണെന്നും ലോകത്തെ പഠിപ്പിച്ചു…..​ഇന്ത്യയെക്കുറിച്ചുള്ള പാശ്ചാത്യരുടെ തെറ്റായ ധാരണകൾ മാറി, ഭാരതം ആത്മീയ ഗുരുവിന്റെ സ്ഥാനത്തേക്ക് ഉയർന്നു.

​പടിഞ്ഞാറൻ രാജ്യങ്ങളിൽ അദ്വൈത വേദാന്തത്തിന്റെയും യോഗയുടെയും പ്രചാരണത്തിന് ഇത് വഴിതിരിവായി.നിരന്തരമായ യാത്രകളും കഠിനമായ പ്രവൃത്തികളും ആസ്ത്മ, പ്രമേഹം തുടങ്ങിയ അസുഖങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. തന്റെ 39-ാം വയസ്സിൽ, 1902 ജൂലൈ 4-ന് പശ്ചിമ ബംഗാളിലെ ബേലൂർ മഠത്തിൽ വെച്ച് അദ്ദേഹം മഹാസമാധി അടഞ്ഞു…
.
തന്റെ ആയുസ്സ് കുറവാണെന്നും ജീവിതാവസാനം അടുത്തെത്തിയെന്നും അദ്ദേഹത്തിന് മുൻകൂട്ടി അറിയാമായിരുന്നു..
മരണത്തിന്റെ തലേദിവസവും അദ്ദേഹം ശിഷ്യരെ സാധാരണപോലെ പഠിപ്പിക്കുകയും വേദാന്ത ക്ലാസുകൾ എടുക്കുകയും ചെയ്തു…
​1902 ജൂലൈ 4-ന് വൈകുന്നേരം അദ്ദേഹം തന്റെ മുറിയിലേക്ക് പോയി ധ്യാനത്തിൽ ഇരുന്നു. ആ സമയത്ത് ആരും തന്നെ ശല്യപ്പെടുത്തരുതെന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചിരുന്നു…

ഉയർന്ന ആത്മീയ സാധനയിലൂടെ സ്വന്തം പ്രാണനെ ശരീരത്തിൽ നിന്ന് വേർപെടുത്തുകയായിരുന്നു അദ്ദേഹം. പിന്നീട് ഡോക്ടർമാർ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്റെ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിയതാണ് മരണകാരണമായി കണ്ടെത്തിയത്. ഇത് അത്യുന്നത യോഗാഭ്യാസത്തിലൂടെ ജീവത്യാഗം ചെയ്യുമ്പോൾ സംഭവിക്കുന്ന ഒന്നായാണ് കണക്കാക്കപ്പെടുന്നത്..

​ഇന്ന് ഭാരതത്തിൽ ഈ ദിവസം ‘ദിഗ്‌വിജയ് ദിനം’ ആയി ആചരിക്കുന്നത് നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ലോകം അശാന്തിയിൽ അകപ്പെടുമ്പോൾ വിവേകാനന്ദന്റെ “വിശ്വബന്ധുത്വത്തിന്റെ” സന്ദേശത്തിന് ഇന്നും പ്രസക്തിയേറെയുണ്ട്……

 

 

സിന്ധു രാജീവ്…