
കൽപ്പറ്റ: മേപ്പാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ ധനസഹായം നൽകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്കും സർക്കാരിന്റെ ഇടപെടലുകൾക്കും പൂർണ പിന്തുണ അറിയിച്ചു അദ്ദേഹം, പരിക്കേറ്റ എല്ലാവർക്കും സൗജന്യവും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര നടപടികളിൽ വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ച പിണറായി വിജയൻ, വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ അത്യന്തം ദാരുണവും വേദനാജനകവുമായ സംഭവമാണെന്ന് പറഞ്ഞു. ഇപ്പോൾ മുൻഗണന രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമാണെന്നും, മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും എത്രയും വേഗം സുരക്ഷിതമായി പുറത്തെടുക്കാൻ എല്ലാ സംവിധാനങ്ങളും വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും, ചികിത്സയിൽ കഴിയുന്നവർക്ക് സൗജന്യ വിദഗ്ധ ചികിത്സയ്ക്കൊപ്പം ആവശ്യമായ സാമ്പത്തിക സഹായവും സർക്കാർ ഉറപ്പാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
അതേസമയം, ദുരന്തം നേരിടുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടെയോ ഭാഗത്ത് വീഴ്ചയോ ഗുരുതരമായ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.