
കോഴിക്കോട് : പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഇതൊരു ചെറിയ വിഷയമാണെന്നും കാലാകാലങ്ങളായി ഇവിടെ നടന്നുപോരുന്ന കാര്യങ്ങൾ മാത്രമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊതുപരിപാടിയിൽ മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതും ഫാത്തിമ തഹ്‍ലിയ എംഎൽഎ നിലവിളക്ക് കൊളുത്തിയതും വിവാദമായിരുന്നു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയായാണ് ഈ സർക്കാരും മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ സർക്കാർ ഇതിനകം തന്നെ കരാറിൽ ഒപ്പുവെക്കുകയും ഫണ്ടുകൾ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ഫണ്ടുകൾ അനുവദിക്കുന്ന കാര്യത്തിൽ അനാവശ്യമായ ഉപാധികൾ വെക്കാൻ കേന്ദ്ര സർക്കാരിന് അവകാശമില്ലെന്നും മന്ത്രി എൻ ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.