
വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പന്ത്രണ്ട് നാൾ നീണ്ടുനിൽക്കുന്ന അഷ്ടമി ഉത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6.30-നും 8.15-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ നടന്നത്.കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കൊടിവിളക്കിൽ ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാറും, കലാമണ്ഡപത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമയും ഭദ്രദീപം തെളിച്ചു.
രാവിലെ ഏഴിന് ഉത്സവത്തിന്റെ കൊടിയേറ്ററിയിപ്പ് ചടങ്ങുകൾ നടന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാവിലെ ഏഴിന് ശർക്കര കൊണ്ടുള്ള തുലാഭാരം സമർപ്പിച്ചു. വൈകിട്ട് നാലിന് ആശ്രമം സ്കൂളിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും (പുത്താലം) നടക്കും.നവംബർ 26: രാത്രി 11-ന് ഋഷഭ വാഹന എഴുന്നള്ളിപ്പ്.നവംബർ 28: വൈകിട്ട് നാലിന് ആനയൂട്ട്, 4.30-ന് കാഴ്ചശ്രീബലി, തുടർന്ന് കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം.
നവംബർ 29: രാവിലെ 10-ന് വലിയ ശ്രീബലി, രാത്രി 11-ന് വലിയ വിളക്ക്.ഡിസംബർ 1 (വൈക്കത്തഷ്ടമി): പുലർച്ചെ 4.30-ന് പ്രസിദ്ധമായ അഷ്ടമി ദർശനം. രാത്രി 11-ന് ഉദയനാപുരത്തപ്പന്റെ വരവ്.ഡിസംബർ 2: അഷ്ടമി വിളക്ക്, ഉച്ചകഴിഞ്ഞ് 3.30-ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പോടനുബന്ധിച്ച് വലിയ കാണിക്ക ചടങ്ങ്. വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പും രാത്രി 11-ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ വിളക്കും നടക്കും.ഡിസംബർ 3: രാവിലെ 11-ന് മുക്കുടി നിവേദ്യത്തോടെ ഉത്സവ ചടങ്ങുകൾക്ക് സമാപനമാകും.