Banner Ads

“പൊലീസിന് ബ്ലേഡ് എന്തിന്?” എസ്എഫ്ഐ മാർച്ചിൽ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് ചെന്നിത്തല

തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബ്ലേഡ് ഉപയോഗിച്ച സംഭവത്തിൽ ആരാണ് അത് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥർ ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും, ലാത്തിയും തോക്കും കൈവശമുള്ള പോലീസിന് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ബാരിക്കേഡുകൾ കെട്ടിയിരുന്ന കയറുകൾ മുറിച്ചുമാറ്റിയതായി എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ സംസ്ഥാന തലത്തിലുള്ള ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സഹകരണ-വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

“ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി” എഫ്‌ഐആറിൽ ആരോപണമുണ്ട്. കൂടാതെ ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരെ മുറിവേൽപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.