Banner Ads

കുഞ്ഞുങ്ങളുടെ മരണം ലാഘവത്തോടെ കാണാനാകില്ല: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; രമേശ് ചെന്നിത്തല

കൊച്ചി : നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.

പ്രതികൾക്ക് രക്ഷപ്പെടാൻ യാതൊരു പഴുതും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ലാഘവത്തോടെ കാണാൻ കഴിയില്ല. ഇത്തരം ഗൗരവമേറിയ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേസിന്റെ അന്വേഷണത്തിനായി ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൂടാതെ മരിച്ച കുട്ടികളുടെ വീട്ടുകാരുമായി സംസാരിക്കാനടക്കം കേസിന്റെ മേൽനോട്ടത്തിനായി ഐ ജി നിശാന്തിനിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസിൽ യാതൊരുവിധ ആശങ്കയും വേണ്ടെന്നും നിയമപരമായ ഏറ്റവും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.