
പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ വിദഗ്ധ പരിശോധനയ്ക്കായി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കരിമ്പുലിയെ പാർക്കിൽ തന്നെ പാർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.കൂട്ടിലകപ്പെടുന്ന കേരളത്തിലെ ആദ്യത്തെ കരിമ്പുലിയായതിനാൽ വിശദമായ പരിശോധനയും നിരീക്ഷണവും ആവശ്യമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി.
പെൺ കരിമ്പുലിയായതിനാൽ ഇതിന്റെ പ്രജനനസാധ്യത കൂടി കണക്കിലെടുത്താണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ആദ്യം ഉൾക്കാട്ടിൽ തുറന്നുവിടാൻ ആലോചിച്ചിരുന്നെങ്കിലും ഈ നീക്കത്തിനെതിരെ വ്യാപകമായി എതിർപ്പുയർന്നിരുന്നു.ഇന്നലെ വൈകിട്ടാണ് കുളത്തുമണ്ണിൽ വെച്ച് കരിമ്പുലി കൂട്ടിൽ അകപ്പെട്ടത്.തുടർന്ന് രാത്രി തന്നെ മൃഗത്തെ കോന്നി ഇക്കോ ടൂറിസം സെന്ററിലേക്ക് എത്തിച്ചു.
പുലർച്ചെയോടെയാണ് തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച് ഡോക്ടറുടെ വിദഗ്ധ പരിശോധന ലഭ്യമാക്കിയത്. കോന്നിയിലും പരിസരപ്രദേശങ്ങളിലും ഏറെ നാളായി കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇത് പ്രദേശവാസികളിൽ കനത്ത ഭീതി പരത്തിയിരുന്നുവെങ്കിലും, ഒടുവിൽ പുലി കൂട്ടിലകപ്പെട്ടതോടെ വലിയ ആശ്വാസത്തിലാണ് നാട്ടുകാർ.