
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ നിരോധനം അവസാനിച്ചതോടെ ജനപ്രിയ സന്ദേശമയയ്ക്കൽ ആപ്പായ ടെലിഗ്രാം (Telegram) ഇന്ത്യയിൽ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. ഈ മാസം 22 വരെയായിരുന്നു കേന്ദ്രസർക്കാർ ആപ്പിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നത്. നിലവിൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ആപ്പ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പ്ലേ സ്റ്റോറിൽ ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.
ഐഫോൺ ഉപയോക്താക്കളിൽ പലർക്കും ആപ്പ് സ്റ്റോറിൽ ടെലിഗ്രാം ഇപ്പോഴും ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്.നിരോധന കാലാവധി കഴിഞ്ഞെങ്കിലും കേന്ദ്ര ഐടി മന്ത്രാലയം ടെലിഗ്രാമിനെ ശക്തമായ നിരീക്ഷണത്തിൽ നിലനിർത്തിയേക്കും. ടെലിഗ്രാമിന്റെ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്:സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ (CSAM) പ്രചരിപ്പിക്കുന്നതിനും ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ചാനലുകൾ വഴി ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നത് തടയാൻ അധികൃതർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി.എന്നാൽ, കേന്ദ്രത്തിന്റെ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ടെലിഗ്രാം മാനേജ്‌മെന്റിന്റെ ഔദ്യോഗിക വിശദീകരണം.ആപ്പ് തിരികെ എത്തിയെങ്കിലും പൂർണ്ണമായ ഫീച്ചറുകളോടെയല്ല നിലവിൽ ലഭ്യമാകുന്നത്. ടെലിഗ്രാമിലെ പ്രധാന സവിശേഷതയായ ‘മെസേജ് എഡിറ്റിംഗ്’ സംവിധാനത്തിനുള്ള നിരോധനം ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. തെറ്റായ വിവരങ്ങളും ചോദ്യപേപ്പറുകളും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.