Banner Ads

തിളയ്ക്കുന്ന തമിഴ്‌നാട്, കനൽ പെയ്യുന്ന പ്രചാരണം; ആറാം പകൽ വിധിനിർണ്ണയം.

ചെന്നൈ:സൂര്യൻ ചുട്ടുപൊള്ളിക്കുന്നു, നേതാക്കൾ ആവേശം വിതറുന്നു തമിഴകത്ത് ഇനി വോട്ടുത്സവം ചൂടുപിടിച്ച പ്രചാരണത്തിനൊടുവിൽ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക്. ദ്രാവിഡ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള പതിവ് പോരാട്ടത്തിനപ്പുറം, സൂപ്പർ താരം ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (TVK) സാന്നിധ്യം ഇത്തവണ ദേശീയ ശ്രദ്ധയാകർഷിക്കുന്നു.

232 മണ്ഡലങ്ങളിൽ ‘വിസിൽ’ അടയാളത്തിൽ മത്സരിക്കുന്ന ടിവികെക്കായി വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിലും ചെന്നൈയിലെ പെരമ്പൂരിലും ജനവിധി തേടുന്നു.അഗ്നി ന്യൂസ് പുറത്തുവിട്ട അഭിപ്രായ സർവേ പ്രകാരം എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ ഭരണം തുടരുമെന്നാണ് സൂചന.ഡിഎംകെ മുന്നണി 180 സീറ്റുകൾ (44.9% വോട്ട്). എഐഎഡിഎംകെ 54 സീറ്റുകൾ (38.5% വോട്ട്). ടിവികെ (വിജയ്) 9.7% വോട്ട് വിഹിതം.

ഭരണം പിടിക്കാൻ 118 സീറ്റുകൾ മതി എന്നിരിക്കെ ഡിഎംകെ വ്യക്തമായ ആധിപത്യം പുലർത്തുന്നു എന്നാണ് സർവേ വിലയിരുത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണ തമിഴ്നാട്ടിലെത്തി എഐഎഡിഎംകെ-ബിജെപി സഖ്യത്തിനായി വോട്ട് തേടി. മുഖ്യമന്ത്രി സ്റ്റാലിനാണ് ഡിഎംകെ മുന്നണിയുടെ പടനായകൻ. സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടർന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവസാന ഘട്ട പ്രചാരണത്തിനായി ഉടൻ എത്തും.

ബിജെപിക്ക് വേണ്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ചെന്നൈയിൽ താമസിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.സ്റ്റാലിൻ കൊളത്തൂരിലും ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-ട്രിപ്ലിക്കനിലും മത്സരിക്കുന്നു. കോൺഗ്രസ് 28 സീറ്റുകളിലാണ് മത്സരിക്കുന്നത്.എഐഎഡിഎംകെ 169 സീറ്റുകളിലും ബിജെപി 27 സീറ്റുകളിലും മത്സരിക്കുന്നു. ചെന്നൈയിലെ 16 മണ്ഡലങ്ങളിൽ 13 എണ്ണത്തിലും എഐഎഡിഎംകെയാണ് പോരാട്ടത്തിനുള്ളത്.

വിജയ്യുടെ റോഡ് ഷോകളിലെ വൻ ജനത്തിരക്കും കരൂരിലുണ്ടായ ദുരന്തവും മുൻനിർത്തി പോലീസ് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിജയ്യുടെ പ്രചാരണ പരിപാടികൾക്കായി 51 നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്. മുദ്രാവാക്യങ്ങളുമായി തീപാറുന്ന പോരാട്ടമാണ് തമിഴകത്തെ ഓരോ മണ്ഡലങ്ങളിലും ഇപ്പോൾ ദൃശ്യമാകുന്നത്.