Banner Ads

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, ഉത്തരേന്ത്യയിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.രാജ്യത്ത് ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

ഇത് കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകും.ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇവിടെ മഴയ്ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴ ലഭിക്കുമെങ്കിലും ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ-വടക്കുകിഴക്കൻ മേഖലകളിലെ ചില ഭാഗങ്ങളിലും ഈ മാസം ഉഷ്ണതരംഗവും കടുത്ത ചൂടും തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കൂടുതൽ മഴ ലഭിക്കുന്നത് കാർഷിക മേഖലയ്ക്കും ജലലഭ്യതയ്ക്കും ഗുണകരമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ.