
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ പാറമേക്കാവ് വിഭാഗത്തിന്റെ പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടു. പാലക്കാട് മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കാനാണ് നിർദ്ദേശം.ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രൻ നടത്തിയ പരിശോധനയിൽ, ലൈസൻസിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ അളവിൽ വെടിമരുന്ന് നിർമ്മാണശാലയിൽ കണ്ടെത്തി.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ലൈസൻസി കെവിൻ സ്റ്റീഫനെതിരെ കേസെടുക്കാൻ കളക്ടർ നിർദ്ദേശം നൽകി.തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കവെയാണ് പാറമേക്കാവ് വിഭാഗത്തിന് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്.നിലവിൽ തിരുവമ്പാടി വിഭാഗം വെടിക്കെട്ടിൽ നിന്നും പൂരത്തിന്റെ അനുബന്ധ ചടങ്ങുകളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുന്നതായി അറിയിച്ചിട്ടുണ്ട്. മുണ്ടത്തിക്കോട് സ്ഫോടനത്തിന് പിന്നാലെ വെടിക്കെട്ട് നിർമ്മാണ മേഖലയിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് കളക്ടറുടെ ഈ അടിയന്തര ഇടപെടൽ.