Banner Ads

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു; ശത്രുക്കളെ ഒരുമിച്ച് നേരിടണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: രാജ്യത്തെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ ശത്രുക്കളെ ഏവരും ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമന്റെ ആദർശങ്ങളെയും മൂല്യങ്ങളെയും ഓർക്കേണ്ട സമയമാണിതെന്നും രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.അടിച്ചമർത്തലിന്റെയും ഭീകരതയുടെയും അന്ത്യം കുറിക്കുന്ന ആഘോഷമാണ് ദസറ.

അസത്യത്തിന് മേൽ സത്യം വിജയിക്കുമെന്ന വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ‘രാമരാജ്യം’, സ്വയംപര്യാപ്തത, ദേശീയ ഐക്യം എന്നിവയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ചു.വിവേചനമില്ലാത്ത ഭരണസംവിധാനത്തെയാണ് രാമരാജ്യം സൂചിപ്പിക്കുന്നത്. നീതി പുലരുന്നതും എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നതുമായ രാജ്യമാണ് ലക്ഷ്യം. അധികാരത്തിന്റെ പരമപ്രധാനമായ ലക്ഷ്യം ഭരിക്കൽ മാത്രമല്ല, ജനക്ഷേമം ഉറപ്പാക്കലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവരെയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലുള്ളവരെയും സേവിക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്.പ്രതിസന്ധികളും വെല്ലുവിളികളും എത്ര വലുതാണെങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിച്ച് മുന്നേറണം. സ്വന്തം കഠിനാധ്വാനത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം.സത്യം, സേവനം, കൂട്ടായ ദൃഢനിശ്ചയം എന്നിവയിൽ അധിഷ്ഠിതമായ വികസിതവും സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.