Banner Ads

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം : ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പെൻഷൻ വിതരണം അടുത്ത മാസം മൂന്നാം തീയതിക്കുള്ളിൽ പൂർത്തിയാക്കണമെന്നാണ് സഹകരണ-ധനവകുപ്പുകൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

സംസ്ഥാനത്ത് 51,11,908 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച പെൻഷൻ കമ്പനിക്ക് വായ്പ ലഭ്യമാക്കാൻ മുൻ സർക്കാർ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം സഹകരണ വകുപ്പ് പിരിച്ചുവിട്ടു.

പെൻഷൻ വിതരണം തടസ്സമില്ലാതെ നടത്തുന്നതിനായി 9 ശതമാനം പലിശ നിരക്കിൽ 3000 കോടി രൂപ സമാഹരിക്കുകയായിരുന്നു കൺസോർഷ്യത്തിന്റെ ലക്ഷ്യം. എന്നാൽ 1325 കോടി രൂപ മാത്രമാണ് സമാഹരിക്കാൻ സാധിച്ചത്.

സർക്കാരിൽ നിന്നും തുക തിരിച്ചുകിട്ടാൻ കാലതാമസം നേരിടുന്നുവെന്ന് സഹകരണ സംഘങ്ങൾ പരാതിപ്പെടുകയും പുതിയ കൺസോർഷ്യം രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ യുഡിഎഫ് സർക്കാർ തേടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പഴയ കൺസോർഷ്യം പിരിച്ചുവിട്ടുകൊണ്ട് സഹകരണ വകുപ്പിന്റെ നടപടി.