Banner Ads

വാണിജ്യ ഗ്യാസ് വിലയിൽ ഷോക്ക്; ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും

തിരുവനന്തപുരം : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ ഇന്ന് അടച്ചിടും. സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ 24 മണിക്കൂർ അടച്ചിട്ടാണ് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ്റെ പ്രതിഷേധം. സിലിണ്ടറിന് 993 രൂപയാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്.

ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 3085 രൂപയായി ഉയർന്നു. പണിമുടക്കിന് പുറമെ പെട്രോളിയം കമ്പനികളുടെ ഓഫീസുകളിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും ഹോട്ടൽ ഉടമകൾ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടുന്നത്. മാർച്ചിൽ 115 രൂപയും ഏപ്രിലിൽ 200 രൂപയും വർധിപ്പിച്ചു.

ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്. തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രസർക്കാർ സ്വീകരിച്ച ഈ നടപടി ഹോട്ടൽ മേഖലയെയും ചെറുകിട കച്ചവടക്കാരെയും തകർക്കുന്നതാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. നേരത്തെ, വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനെ അപലപിച്ച്‌ സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്ത് വന്നിരുന്നു.

സാധാരണക്കാരായ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്ന നടപടി ജനദ്രോഹപരമാണെന്നും വർധിപ്പിച്ച തുക ഉടൻ പിൻവലിക്കണമെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.