
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ, മധ്യ കേരളത്തിൽ മഴ കടുക്കാൻ സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പ്രക്ഷുബ്ധമായ കടലാക്രമണ സാധ്യത മുൻനിർത്തി കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് മുൻകരുതൽ നടപടിയായി 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് അവധി. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും പുഴകൾ, അരുവികൾ തുടങ്ങി ജലാശയങ്ങൾക്ക് സമീപത്തേക്ക് പ്രവേശിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു