
തിരുവനന്തപുരം : ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അടിയൊഴുക്കുകൾക്കും ഒടുവിൽ യുഡിഎഫ് മന്ത്രിസഭയുടെ അന്തിമ പട്ടിക തയാറായി. നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ രാജ്ഭവനിലെത്തി ഗവർണർക്ക് പട്ടിക കൈമാറി. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭയാണ് നാളെ അധികാരമേൽക്കുന്നത്. നാളെ രാവിലെ നടമാടുന്ന ചടങ്ങിൽ മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോൻസ് ജോസഫ്, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വകുപ്പുകളുടെ കാര്യത്തിൽ മുന്നണിയിൽ ധാരണയായിട്ടുണ്ടെന്നും അത് പിന്നീട് പ്രഖ്യാപിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് നിശ്ചയിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ തീരുമാനമെടുത്ത് തയാറാക്കിയ മന്ത്രിപ്പട്ടികയാണിത്. കടുത്ത ഗ്രൂപ്പ് പോരുകൾ ഉണ്ടായിരുന്നില്ല. പ്രധാന നേതാക്കളായ രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങിയവരുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയാണ് ഹൈക്കമാൻഡ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.
അർഹതപ്പെട്ട ഒരുപാട് മികച്ച നേതാക്കളെ ഇത്തവണ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ല എന്നതിൽ സങ്കടമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. കൽപ്പറ്റ എം എൽ എ ടി സിദ്ദിഖ്, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷ്, അങ്കമാലി എം എൽ എ റോജി എം ജോൺ എന്നിവർ വമ്പൻ സർപ്രൈസുകളായാണ് പട്ടികയിലേക്ക് എത്തിയത്. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.