
തിരുവനന്തപുരം : സംസ്ഥാനത്ത് 2026 ജൂലൈ 29 മുതൽ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം നേരിട്ട കർഷകർക്കായി അപേക്ഷാ സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടി. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനുമുള്ള അപേക്ഷ സമർപ്പിക്കാനാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
പുതുക്കിയ തീയ്യതി പ്രകാരം അപേക്ഷിക്കാനുള്ള സൗകര്യം AIMS പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ദിഖ് അറിയിച്ചു. അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ അർഹരായ ഒരു കർഷകനും സഹായം ലഭിക്കാതെ പോകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
നേരത്തെ ചേർന്ന ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി ദീർഘിപ്പിച്ചത്. അവസാന തീയതി വരെ കാത്തുനിൽക്കാതെ അർഹരായ എല്ലാ കർഷകരും എത്രയും വേഗം AIMS പോർട്ടൽ (aims.kerala.gov.in) വഴിയോ അടുത്തുള്ള കൃഷിഭവൻ വഴിയോ അപേക്ഷ നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
കൃഷിനാശം നേരിട്ടവർക്ക് ധനസഹായവും ഇൻഷുറൻസും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കാനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.