Banner Ads

ഇടുക്കിയിൽ മഴ കനക്കുന്നു: മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; പുഴയോരങ്ങളിൽ ജാഗ്രതാ നിർദേശം

തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി 1.5 മീറ്റർ വരെ കൂടുതൽ ഉയർത്തും. കൂടുതൽ വെള്ളം തുറന്നുവിടുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.തൊടുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നിവിടങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇന്നലെ വെള്ളമിറങ്ങിയതിനെ തുടർന്ന് വീടുകൾ ശുചീകരിച്ച് തിരിച്ചെത്താൻ ഒരുങ്ങിയ പ്രാദേശികവാസികളെ ദുരിതത്തിലാക്കിയാണ് വീണ്ടും വെള്ളം കയറിയത്. ഈ മേഖലകളിലെ ആളുകളെ മുൻകരുതലിന്റെ ഭാഗമായി നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നുഇടവിട്ട് പെയ്യുന്ന ശക്തമായ മഴയിൽ ചെറുതോണി–കട്ടപ്പന പാതയിലും വണ്ണപ്പുറം–ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ജില്ലയിലെ കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ എന്നീ ഡാമുകളിൽ നിലവിൽ റെഡ് അലർട്ട് തുടരുകയാണ്.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ (ഓറഞ്ച് അലർട്ട്) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.